ഇന്നത്തെ മാതൃഭൂമിയില്‍ വായിക്കാനിടയായതും അടുത്ത കാലത്തായി സ്ഥിരം കാണുന്നതുമാണ് ഇത്തരം വാര്‍ത്തകള്‍.തന്റെ ആജ്ഞ
ലംഘിച്ച് കുടുംബശ്രീയോഗത്തിനുപോയ ഭാര്യയെ ഒളിഞ്ഞിരുന്നുവെട്ടിക്കൊന്ന സംഭവം നടന്നിട്ടും അധികം നാളായില്ല.തന്റെ ചൊല്പ്പടിയിലാകണം ഭാര്യയും കുടുംബവും എന്ന സംശയലേശമില്ലാത്ത ധാരണയും ഒപ്പം സ്ത്രീകളുടെ വളരെപ്പതുക്കെയെങ്കിലും വര്‍ദ്ധിച്ചുവരുന്ന സ്വാതന്ത്ര്യബോധത്തോടുള്ള അസഹിഷ്ണുതയും ഒക്കെ ഇതിനുള്ള കാരണങ്ങളാണ്.തനിക്ക് ഒത്തുപോവാനാവുന്നില്ലെങ്കില് പിരിഞ്ഞ് ജീവിക്കാനുള്ള അവകാശം സ്ത്രീയ്ക്കുണ്ട് എന്നെങ്കിലും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് എന്നാണ് നാം പുരോഗമിക്കുക? അമ്മ മരിച്ചും അച്ഛന് ജയിലിലായും ബാക്കിയാകുന്ന കുട്ടികളുടെ സ്ഥിതി എന്താവും എന്നെങ്കിലും ഒരു നിമിഷം അവര്‍ ഒന്ന് ആലോചിച്ചിരുന്നുവെങ്കില്‍...
മാതൃഭൂമിവാര്‍ത്ത താഴെ കൊടുക്കുന്നു
കിടപ്പുമുറിയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് ഒളിവില്‍
മണ്ണാര്‍ക്കാട്: വീടിന്റെ കിടപ്പുമുറിയില്‍ സ്ത്രീയെ തലയ്ക്ക് വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഒളിവിലായ ഭര്‍ത്താവിനായി പോലീസ് അന്വേഷണം തുടങ്ങി.
കരിമ്പുഴ ഗ്രാമപ്പഞ്ചായത്തിലെ പൊമ്പ്ര ദുബായിക്കുന്ന് തൊട്ടിപ്പറമ്പില്‍ വീട്ടില്‍ മണികണുന്റെ ഭാര്യ മാലതി (34) യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ആറരയോടെ വീടിന്റെ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് മണ്ണാര്‍ക്കാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എ.സുരേഷ് ബാബുവും സംഘവും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
പുല്ലിശ്ശേരി നെല്ലിശ്ശേരി വീട്ടില്‍ നാരായണന്റെ മകളാണ് മാലതി. പതിനാറുവര്‍ഷം മുമ്പാണ് മാലതിയുടെ വിവാഹം നടന്നത്. മഹേഷ്, മനീഷ്, ഉണ്ണി എന്നീ മൂന്നുമക്കളുണ്ട്. വീടുകള്‍ കയറിയിറങ്ങി തുണി വില്പന നടത്തുന്ന ജോലിയാണ് മണികണുന്. കരിയോട്ടുള്ള ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് മണികണുനെതിരെ കേസുള്ളതായും ഈ കേസില്‍ ഇയാളെ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. മാലതിയുടെ പരാതിയിലും മുമ്പ് മണികണുനെതിരെ കേസുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
[http://www.mathrubhumi.com/php/newFrm.php?news_id=1271699&n_type=NE&category_id=3&Farc= ]
ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തില്‍ കുരുക്കിട്ട് കൊല്ലാന്‍ ശ്രമം ഭര്‍ത്താവിനെതിരെ കേസ്
തൃപ്പൂണിത്തുറ: വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കേസ്. ഇളമ്പ്രക്കോടത്ത് വീട്ടില്‍ പൊന്നമ്മ (49) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ പോലീസ് തിരയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 1ന് എരൂര്‍ ഇല്ലിയ്ക്കപ്പടിയിലാണ് സംഭവം. പൊന്നമ്മയുടെ ഭര്‍ത്താവ് ഗോപിക്കെതിരെ തൃപ്പൂണിത്തുറ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട് പൊന്നമ്മയുടെ അമ്മ വിമല (66) യ്ക്കും ഗോപിയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
മാമല സ്വദേശിയായ ഗോപി 2 വര്‍ഷവും 8 മാസവുമായി ഭാര്യയുടെ അടുത്ത് വരാതെ പിണങ്ങിക്കഴിയുകയാണെന്ന് പോലീസ് പറയുന്നു. ഭാര്യയെ ഇയാള്‍ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇല്ലിയ്ക്കപ്പടിയിലുള്ള വീട്ടില്‍ പൊന്നമ്മയും അമ്മ വിമലയും മാത്രമാണ് താമസം. വ്യാഴാഴ്ച പുലര്‍ച്ചെ വീടിന്റെ വാതിലിന്റെ ഓടാമ്പല്‍ നീക്കി അകത്തുകടന്ന ഗോപി, കട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന പൊന്നമ്മയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
ശ്വാസം മുട്ടിപിടഞ്ഞ് ഇവര്‍ താഴെ വീണു. ശബ്ദംകേട്ട് എഴുന്നേറ്റ വിമലയെ ഗോപി മര്‍ദ്ദിച്ചു. ഒച്ചയും ബഹളവും കേട്ട് സമീപവാസികള്‍ എത്തിയശേഷമാണ് പൊന്നമ്മയെ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്ക് പോലീസും സംഭവസ്ഥലത്തെത്തി. മുമ്പ് ഓട്ടോ ഡ്രൈവറായിരുന്നു ഗോപി. രണ്ടുപെണ്മക്കളാണ് ഇവര്‍ക്കുള്ളത്. ഇവരെ വിവാഹം ചെയ്തയച്ചു. ഗോപിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് പറഞ്ഞു [http://www.mathrubhumi.com/php/newFrm.php?news_id=1271731&n_type=NE&category_id=3&Farc=]